
Tuesday, April 28, 2009
തിരുത്ത്

Monday, April 20, 2009
ഫ്ലാഷ് ന്യൂസ്

Sunday, April 19, 2009
ആമകള്‍

Saturday, April 11, 2009
കട്ടില്

Thursday, April 9, 2009
രണ്ടു വെയില് കഥകള്‍
ഉറങ്ങുന്നതിനു മുമ്പു,
മൂന്നു ബക്കറ്റ് വെള്ളം വലിച്ച് ഞാന്‍ പൊത്തിവെച്ചു
അവള് ചോദിച്ചു:
"എന്തിനാണ് ഇങ്ങനെ ദിവസവും വെള്ളം എടുത്തു വെക്കുന്നത്.. നമ്മുടെ കിണര്‍ വറ്റാരില്ലല്ലോ..."
എന്റെ പുരയിലെ കിണറിനു അകത്ത് പത്തു പൈസ വട്ടത്തില്‍ വെള്ളം പിടക്കുന്നത് അവള് കണ്ടിരുന്നു.
ഞാന്‍ പറഞ്ഞു:
"ഉറങ്ങിയാല്‍ ഉണരുമെന്നു എന്താണ് ഉറപ്പു... മരിച്ചു പോയാല്‍ മയ്യിത്ത് കുളിപ്പിക്കണ്ടേ...?
അവള് അപ്പോള്‍ കുഞ്ഞു ബക്കറ്റിലെ വെള്ളം നോക്കി കുഞ്ഞു മോളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
അടുപ്പം
അയാള്‍
ഭാര്യയുടെ മൊബൈല്‍ നമ്പരില്‍
വിരല്‍ അമര്‍ത്തി.
അവള്
ഫോണ്‍ കാതോട് ചേര്‍ത്തു പിടിച്ചു ചോദിച്ചു:
"എന്തെ"
അയാള്‍ പറഞ്ഞു:
വല്ലാത്ത ചൂടു... നീ ഒന്നു മാറി കിടന്നെ....."
Sunday, April 5, 2009
ഒരു കഥയുടെ ആശയം എവിടെ നിന്നാണ് കിട്ടുന്നത് എന്ന് മുന്‍കൂട്ടി പറയാന്‍ ആവില്ല. ഒരു കാഴ്ചയില്‍ നിന്നു, വാക്കില്‍ നിന്നു, നോക്കില്‍ നിന്നു, പൊള്ളുന്ന അനുഭവത്തില്‍ നിന്നു.. ഇതു ഏറെ കാലം മനസ്സില്‍ ഇട്ടു നടക്കും. എനിക്ക് ഒരിക്കലും കമ്പ്യൂട്ടറിനെ കുറിച്ചോ ഇന്റെര്നെടിനെ കുറിച്ചോ എഴുതാന്‍ ആവുമെന്ന് തോന്നുന്നില്ല. വീട് ഇല്ലാത്തവന്റെ ആധിയും മുറ്റം ഇല്ലാത്തവന്റെ സന്കടവും എന്നെ പെട്ടെന്ന് കയരിപ്പിടിക്കുന്നു......
പെങ്ങള്
തമിഴത്തിയും കുട്ടികളും ആണെന്ന് കരുതി ഞാന്‍ കല്ല് എടുത്തതാണ്. അടുത്ത് എത്തിയപ്പോഴാണ് എന്റെ പെങ്ങളും കുട്ടികളും ആണെന്ന് മനസ്സിലായത്...
ഒരു കുട്ടി ഇടത്ത് മറ്റൊരാള്‍ വലത്ത് ഒക്കത്ത് വേറൊരു കുട്ടിയും... കടും കളര്‍ സാരിയില്‍ അവളും....
എന്റെ മക്കള്‍ കടിച്ചു തുപ്പിയ പെര്‍ക്കിന്റെയും മന്ചിന്റെയും കഷണങ്ങള്‍ ഉറുമ്പുകളെ ആട്ടി ഓടിച്ച് അവളുടെ കുട്ടികള്‍ വാരിയെടുത്ത് വായില്‍ ഇട്ടു.
പാവം കുട്ടികള്‍...
അകത്ത് ഇരുത്തി കുട്ടികള്‍ക്ക് എന്തെങ്കിലും കളര്‍ കലക്കി കൊടുക്കാന്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു.
പെങ്ങള് വല്ലാതെ മെലിഞ്ഞിട്ടുണ്ട്. ക്ഷീണിച്ചിട്ടുണ്ട്.....
"നീ ഇന്നു വന്നത് നന്നായി. ഇന്നലെ തിരുവനന്തപുരത്ത് നിന്നും വരുമ്പോള്‍ നിനക്കു ഞാന്‍ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട്.... എത്ര കാലമാ നീ ഇങ്ങനെ.... "
അവളുടെ കണ്ണുകള്‍ വിരിഞ്ഞു.
പാവം എന്റെ പെങ്ങള്....
മഞ്ഞ നിറമുള്ള കാര്‍ഡ് ഞാന്‍ അവള്‍ക്ക് കൊടുത്തു, ഒരു അന്‍പത് രൂപയും....
"ആദ്യംനൂറു കാര്‍ഡ് അടിച്ചാല്‍ മതി... ബസ് സ്റ്റാന്‍ഡില്‍ ആവുമ്പോള്‍ പല വഴിക്കുള്ള ആളുകളും ഉണ്ടാവും.... കയ്യില്‍ കൊടുക്കുകയോ മടിയില്‍ ഇടുകയോ ചെയ്യാം.... പൈസ തരുമ്പോള്‍ കാര്‍ഡ് തിരിച്ച് എടുത്താല്‍ മതി. മറിയം എന പേരിനു പകരം നിന്റെ പേരു വെച്ചാല്‍ മതി...."
അവളുടെ കരുവാളിച്ച കണ്ണ് നിറഞ്ഞു. വിളര്‍ത്ത ചുണ്ട് വിറച്ചു...
അവള് പൊട്ടിക്കരഞ്ഞു.
പാവം... സന്തോഷം കൊണ്ടാവും...
അവള് എന്റെ നേരെ കൈ കൂപ്പിക്കൊണ്ട് "വല്ല്യുപകാരം.... വല്ല്യുപകാരം" എന്ന് പറഞ്ഞു.
ഉറി
ഉമ്മയുടെ ചോര്‍
ഉറിയില്‍ ആണെന്ന്
പണ്ടേ
പറഞ്ഞു കേട്ടിട്ടുണ്ട്
ഉറി നഷ്ടപ്പെട്ടപ്പോള്‍
എനിക്ക്
എന്റെ ഉമ്മയുടെ
ചോറാണ് നഷ്ടപ്പെട്ടത്.
Saturday, April 4, 2009
ഉമ്മയെ കുറിച്ചു പറഞ്ഞു തീരുന്നില്ല
ഉമ്മ എന്നെ മടിയില്‍ പിടിച്ചിരുത്തുക.
തല നെഞ്ചോട് ചേര്‍ത്തു പിടിച്ച് ചോദിക്കും
"നിനക്ക് തീവണ്ടി കേള്‍ക്കേണ്ടേ..."
- ഉമ്മയുടെ നെഞ്ചിനകത്ത് വേഗം കൂടിയ
എത്രയെങ്കിലുംതീവണ്ടികള്‍ ഉണ്ടെന്ന് കാളുന്ന
ഓരോ വിശപ്പിലും ഞാന്‍ അറിഞ്ഞിരുന്നു-
ഞാന്‍ ചോദിക്കും
"ആരാണുമ്മ ഈ തീവണ്ടി ഓടിക്കുന്നത്?"
പൊള്ളുന്ന മൂന്നാല് കണ്ണീരിനു പിന്നാലെ ഉമ്മ പറയും
"നിന്റെ ഉപ്പ..."
- ഉമ്മയുടെ കിതപ്പാണ് എനിക്കെന്നും പിതാവ്-
"നമുക്കും തീവണ്ടി കേറാം ഉമ്മാ..."
ഉമ്മ മിണ്ടില്ല.
നെഞ്ചില്‍ നിന്നും മുഖം പറിച്ചെടുത്ത് അവര്‍ ചോദിക്കും.
"ഇനി ഞാന്‍ കഥ പറഞ്ഞു തരട്ടെ..."
ഞാന്‍ കഥയുടെ ഉരുളക്കു വേണ്ടി ആര്‍ത്തിയോടെ
വാ പിളര്‍ക്കും...
കഥ മുറിയുമ്പോള്‍ ഉമ്മ ചോദിക്കും
"നീ എന്താണ് കേള്‍ക്കുന്നത്?"
ഞാനെന്റെ നെഞ്ചില്‍ തൊട്ടുകൊണ്ട് പറയും
"ഒരു കുഞ്ഞു തീവണ്ടിയുടെ നിലയ്ക്കാത്ത നിലവിളി..."
****** ******* ******* ******* ******* ****** ****** ****** ******
ഞാന്‍ കഥ എഴുതുന്നത് ഉമ്മയ്ക്ക് അറിയാം. ഭാര്യയ്ക്കും കുട്ടികള്‍ക്കും അറിയാം. ഒരു കഥാകൃത്തിന്റെ "ഇടപെടലുകള്‍" ഇല്ലാതെ ജീവിക്കാനാണ് താത്പര്യം. ഭാര്യയും കുട്ടികളും ഉറങ്ങിയാല്‍ ആണ് ഞാന്‍ എഴുതാന്‍ ഇരിക്കുക. പല കഥകളും അച്ചടിച്ചു വന്നെ അവര്‍ കാണാറുള്ളു. എല്ലാവരും ഉറങ്ങുമ്പോള്‍ താന്‍ ഒരാള്‍ ഉണര്‍ന്നിരിക്കുക എന്നത് എന്നെ മാനസികമായി ബലപ്പെടുത്തുന്നു.
പരാതി ഇല്ല ആരോടും.
ആരും എന്നോട് പറഞ്ഞിട്ടില്ല കഥ എഴുതാന്‍.
ആരോരും ഇല്ലാത്തവര്‍ക്ക് അല്ലാഹു തുണയെന്ന ഉമ്മയുടെ വിശ്വാസത്തിനു "അക്ഷരങ്ങള്‍" തുണ എന്ന് ഞാന്‍ തിരുത്തി.
*** **** **** **** **** **** **** **** **** *** **** ***** ***** **** ***** **** *****
ഉമ്മ എന്നോട് പറഞ്ഞു:
"ഞാന്‍ പറഞ്ഞു തന്ന
എത്രയെത്ര കഥകള്‍ വിറ്റ് നീ കാശാക്കി
ഇന്നുവരെ
എന്നെ കുറിച്ചു എഴുതാന്‍
നിനക്കു തോന്നിയില്ലല്ലോ...
അന്ന് രാത്രി
ഏറെ വൈകുവോളം ഇരുന്നു
ഉമ്മയുടെ ജീവിതം
ഞാന്‍ കടലാസിലേക്ക് പകര്‍ത്തി.
പുലര്‍ച്ചയില്‍ എഴുന്നേറ്റ്
ഞാന്‍ കടലാസ് നിവര്‍ത്തി. കഥ നോക്കി.
അത്ബുധം....
കടലാസ്
ചോരയും നീരും വറ്റി വിലര്തിരിക്കുന്നു
എന്റെ
ഉമ്മയുടെ മുഖം പോലെ......
എന്റെ ഉമ്മ എന്റെ കഥ
ഉപ്പയുടെ പേരു മുഹമ്മദെന്നു ഉമ്മ പറഞ്ഞു. തടിച്ചു കുറുകിയ ഒരു മനുഷ്യന്റെ മുഖം എനിക്ക് ഓര്‍മ്മയുണ്ട്. വല്ലപ്പോഴും വിരുന്നു പോലെ വരാറുള്ള ഉപ്പ പിന്നീട് വരാതായി. പകരം മരണ വാര്‍ത്ത മാത്രം എത്തി. ഉമ്മ എന്നെ കെട്ടിപ്പിടിച്ചു "ന്റെ മോന് യെതീം ആയിപ്പോയല്ലോ" എന്ന് പറഞ്ഞു കരഞ്ഞതും യതീം ആവുക എന്നാല്‍ എനിക്ക് എന്തോ സംഭവിക്കുകയാണെന്ന പേടിയോടെ നിലവിളിച്ചതും ഓര്‍മ്മയിലുണ്ട്. "ആരോരും ഇല്ലാത്തവര്‍ക്ക് അള്ളാഹു തുണ" എന്ന് പറഞ്ഞു എട്ടതിമാരെ "ഉള്ളവരുടെ" അടുക്കളയിലേക്കു ഉന്തി വിട്ടു ഉമ്മ എനിക്ക് വേണ്ടി പിടച്ചു. ഒരു നേരത്തെ അന്നത്തിനു വേണ്ടി ഉമ്മ പെട്ട പാട്... കല്ല്യാണ വീട്ടിന്നും മറ്റും ബാക്കിവെച്ച ചോറ് തുണിയില്‍ കെട്ടി തലയില്‍ വെച്ച് ഓടി വരാറുള്ള ഉമ്മ.... കെട്ട്അഴിച്ചു വെച്ച് "നല്ലോണം തിന്നോ മോനേ" എന്ന് പറയുന്ന ഉമ്മ.
ഉമ്മ എനിക്ക് ചോറാണ്
പത്താം തരം വരെ എന്നെ പഠിപ്പിച്ചു. പഴയ പുസ്തകവും പഴയ ഉടുപ്പും വാങ്ങിത്തരാന്‍ അപ്പോഴേക്കും ഉമ്മ തളര്‍ന്നിരുന്നു.
ഒറ്റയ്ക്ക് ഇരുന്നു കഥ പറഞ്ഞു കരയുന്ന സ്വഭാവം ഉണ്ടായിരുന്നു ഉമ്മയ്ക്ക്. കുറെ സങ്കടങ്ങളുടെ കഥ. പാഠപുസ്തകത്തിലെ കഥ ഞാനും വായിച്ചു കൊടുക്കും. ഖലീഫ ഉമറിന്റെ കഥ കണ്ണീരോടെ അല്ലാതെ ഉമ്മ കേള്‍ക്കാറില്ല. പിന്നെ വായനശാലയില്‍നിന്നു മൊയ്തു പടിയതും ബഷീറും കടന്നു വന്നു. ബഷീറിനെ വല്ലാതെ ഇഷ്ടം ആയി. സന്കടങ്ങള് ഞാനും പകര്‍ത്താന്‍ തുടങ്ങി......
ഉമ്മ
ഉമ്മ മരിച്ചു.
ഉമ്മയുടെ മയ്യിത്ത് മാറ്റി കിടത്തിയതും
കോടി പുതപ്പിച്ചതും
കുളിപ്പിച്ചതും
സുഗന്ദങ്ങള്‍ പൂശി "കഫന്‍ " ചെയ്തതും
കട്ടിലില്‍ ഏറിയതും കബര്‍ അടക്കിയതും
ഉമ്മ തന്നെ ആയിരുന്നു.
അല്ലെങ്കിലും ഇനി നമ്മെ സംസ്ക്കരിക്കാന്‍
നമ്മള് അല്ലാതെ
മറ്റാരാണ് ഉണ്ടാവുക...?