Saturday, April 4, 2009

എന്റെ ഉമ്മ എന്റെ കഥ

എനിക്ക് എല്ലാം ഉമ്മയാണ്. ഉമ്മയെ തൊടാതെ എന്നെ കുറിച്ചു ഒരു വരി പോലും എഴുതാന്‍ എനിക്കാവില്ല.
ഉപ്പയുടെ പേരു മുഹമ്മദെന്നു ഉമ്മ പറഞ്ഞു. തടിച്ചു കുറുകിയ ഒരു മനുഷ്യന്റെ മുഖം എനിക്ക് ഓര്‍മ്മയുണ്ട്. വല്ലപ്പോഴും വിരുന്നു പോലെ വരാറുള്ള ഉപ്പ പിന്നീട് വരാതായി. പകരം മരണ വാര്‍ത്ത‍ മാത്രം എത്തി. ഉമ്മ എന്നെ കെട്ടിപ്പിടിച്ചു "ന്റെ മോന്‍ യെതീം ആയിപ്പോയല്ലോ" എന്ന് പറഞ്ഞു കരഞ്ഞതും യതീം ആവുക എന്നാല്‍ എനിക്ക് എന്തോ സംഭവിക്കുകയാണെന്ന പേടിയോടെ നിലവിളിച്ചതും ഓര്‍മ്മയിലുണ്ട്. "ആരോരും ഇല്ലാത്തവര്‍ക്ക് അള്ളാഹു തുണ" എന്ന് പറഞ്ഞു എട്ടതിമാരെ "ഉള്ളവരുടെ" അടുക്കളയിലേക്കു ഉന്തി വിട്ടു ഉമ്മ എനിക്ക് വേണ്ടി പിടച്ചു. ഒരു നേരത്തെ അന്നത്തിനു വേണ്ടി ഉമ്മ പെട്ട പാട്... കല്ല്യാണ വീട്ടിന്നും മറ്റും ബാക്കിവെച്ച ചോറ് തുണിയില്‍ കെട്ടി തലയില്‍ വെച്ച് ഓടി വരാറുള്ള ഉമ്മ.... കെട്ട്അഴിച്ചു വെച്ച് "നല്ലോണം തിന്നോ മോനേ" എന്ന് പറയുന്ന ഉമ്മ.
ഉമ്മ എനിക്ക് ചോറാണ്
പത്താം തരം വരെ എന്നെ പഠിപ്പിച്ചു. പഴയ പുസ്തകവും പഴയ ഉടുപ്പും വാങ്ങിത്തരാന്‍ അപ്പോഴേക്കും ഉമ്മ തളര്‍ന്നിരുന്നു.
ഒറ്റയ്ക്ക് ഇരുന്നു കഥ പറഞ്ഞു കരയുന്ന സ്വഭാവം ഉണ്ടായിരുന്നു ഉമ്മയ്ക്ക്. കുറെ സങ്കടങ്ങളുടെ കഥ. പാഠപുസ്തകത്തിലെ കഥ ഞാനും വായിച്ചു കൊടുക്കും. ഖലീഫ ഉമറിന്റെ കഥ കണ്ണീരോടെ അല്ലാതെ ഉമ്മ കേള്‍ക്കാറില്ല. പിന്നെ വായനശാലയില്‍നിന്നു മൊയ്തു പടിയതും ബഷീറും കടന്നു വന്നു. ബഷീറിനെ വല്ലാതെ ഇഷ്ടം ആയി. സന്കടങ്ങള്‍ ഞാനും പകര്‍ത്താന്‍ തുടങ്ങി......

ഉമ്മ

ഉമ്മ മരിച്ചു.
ഉമ്മയുടെ മയ്യിത്ത് മാറ്റി കിടത്തിയതും
കോടി പുതപ്പിച്ചതും
കുളിപ്പിച്ചതും
സുഗന്ദങ്ങള്‍ പൂശി "കഫന്‍ " ചെയ്തതും
കട്ടിലില്‍ ഏറിയതും കബര്‍ അടക്കിയതും

ഉമ്മ തന്നെ ആയിരുന്നു.
അല്ലെങ്കിലും ഇനി നമ്മെ സംസ്ക്കരിക്കാന്‍
നമ്മള്‍ അല്ലാതെ
മറ്റാരാണ്‌ ഉണ്ടാവുക...?

3 comments:

  1. ഉമ്മ എന്ന വാക്കുകളോടൊപ്പം , എന്‍റെ നെഞ്ചില്‍ ഒരു പിടയല്‍ , തൊണ്ട കുഴിയില്‍ വേദനിപ്പിക്കുന്ന ഒരു തേങ്ങല്‍ , കണ്ണീരാല്‍ മൂടുന്ന കണ്ണുകള്‍..
    ആ നഷ്ടം , നഷ്ടമായത് ഇത്രയും വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ ..... ,
    എനിക്കാവുന്നില്ല ഇതു മുഴുവന്‍ വായിക്കുവാന്‍ ,
    എല്ലാ ഉമ്മമാരും ഇങ്ങനെയായിരിക്കും അല്ലെ .. അല്ലെങ്കില്‍ അവര്‍ ഉമ്മമാരാവില്ല.....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete