Saturday, April 4, 2009

ഉമ്മയെ കുറിച്ചു പറഞ്ഞു തീരുന്നില്ല

വിശന്നു തളരുമ്പോള്‍ ആണ്
ഉമ്മ എന്നെ മടിയില്‍ പിടിച്ചിരുത്തുക.
തല നെഞ്ചോട് ചേര്ത്തു പിടിച്ച് ചോദിക്കും
"നിനക്ക് തീവണ്ടി കേള്‍ക്കേണ്ടേ..."
- ഉമ്മയുടെ നെഞ്ചിനകത്ത് വേഗം കൂടിയ
എത്രയെങ്കിലുംതീവണ്ടികള്‍ ഉണ്ടെന്ന്‍ കാളുന്ന
ഓരോ വിശപ്പിലും ഞാന്‍ അറിഞ്ഞിരുന്നു-
ഞാന്‍ ചോദിക്കും
"ആരാണുമ്മ ഈ തീവണ്ടി ഓടിക്കുന്നത്?"
പൊള്ളുന്ന മൂന്നാല് കണ്ണീരിനു പിന്നാലെ ഉമ്മ പറയും
"നിന്റെ ഉപ്പ..."
- ഉമ്മയുടെ കിതപ്പാണ് എനിക്കെന്നും പിതാവ്-
"നമുക്കും തീവണ്ടി കേറാം ഉമ്മാ..."
ഉമ്മ മിണ്ടില്ല.
നെഞ്ചില്‍ നിന്നും മുഖം പറിച്ചെടുത്ത് അവര്‍ ചോദിക്കും.
"ഇനി ഞാന്‍ കഥ പറഞ്ഞു തരട്ടെ..."
ഞാന്‍ കഥയുടെ ഉരുളക്കു വേണ്ടി ആര്‍ത്തിയോടെ
വാ പിളര്‍ക്കും...
കഥ മുറിയുമ്പോള്‍ ഉമ്മ ചോദിക്കും
"നീ എന്താണ് കേള്‍ക്കുന്നത്?"
ഞാനെന്റെ നെഞ്ചില്‍ തൊട്ടുകൊണ്ട്‌ പറയും
"ഒരു കുഞ്ഞു തീവണ്ടിയുടെ നിലയ്ക്കാത്ത നിലവിളി..."

****** ******* ******* ******* ******* ****** ****** ****** ******

ഞാന്‍ കഥ എഴുതുന്നത് ഉമ്മയ്ക്ക് അറിയാം. ഭാര്യയ്ക്കും കുട്ടികള്‍ക്കും അറിയാം. ഒരു കഥാകൃത്തിന്റെ "ഇടപെടലുകള്‍" ഇല്ലാതെ ജീവിക്കാനാണ് താത്പര്യം. ഭാര്യയും കുട്ടികളും ഉറങ്ങിയാല്‍ ആണ് ഞാന്‍ എഴുതാന്‍ ഇരിക്കുക. പല കഥകളും അച്ചടിച്ചു വന്നെ അവര്‍ കാണാറുള്ളു. എല്ലാവരും ഉറങ്ങുമ്പോള്‍ താന്‍ ഒരാള്‍ ഉണര്‍ന്നിരിക്കുക എന്നത് എന്നെ മാനസികമായി ബലപ്പെടുത്തുന്നു.
പരാതി ഇല്ല ആരോടും.
ആരും എന്നോട് പറഞ്ഞിട്ടില്ല കഥ എഴുതാന്‍.
ആരോരും ഇല്ലാത്തവര്‍ക്ക് അല്ലാഹു തുണയെന്ന ഉമ്മയുടെ വിശ്വാസത്തിനു "അക്ഷരങ്ങള്‍" തുണ എന്ന് ഞാന്‍ തിരുത്തി.

*** **** **** **** **** **** **** **** **** *** **** ***** ***** **** ***** **** *****

ഉമ്മ എന്നോട് പറഞ്ഞു:
"ഞാന്‍ പറഞ്ഞു തന്ന
എത്രയെത്ര കഥകള്‍ വിറ്റ് നീ കാശാക്കി
ഇന്നുവരെ
എന്നെ കുറിച്ചു എഴുതാന്‍
നിനക്കു തോന്നിയില്ലല്ലോ...
അന്ന് രാത്രി
ഏറെ വൈകുവോളം ഇരുന്നു
ഉമ്മയുടെ ജീവിതം
ഞാന്‍ കടലാസിലേക്ക് പകര്‍ത്തി.
പുലര്‍ച്ചയില്‍ എഴുന്നേറ്റ്
ഞാന്‍ കടലാസ് നിവര്‍ത്തി. കഥ നോക്കി.
അത്ബുധം....
കടലാസ്
ചോരയും നീരും വറ്റി വിലര്തിരിക്കുന്നു
എന്റെ
ഉമ്മയുടെ മുഖം പോലെ......

3 comments:

  1. നന്നായി.ലേ ഔട്ട് മാറ്റിയത്.പഴയ കഥകള്‍ ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷം.അശ്രഫിണ്ടെ പഴയ കഥകളുടെ ശക്തി ആ അനുഭവം തന്നെയാണല്ലോ?

    ReplyDelete
  2. ഒരു കുഞ്ഞു തീവണ്ടിയുടെ നിലക്കാത്ത നിലവിളി ഇപ്പോഴും നിങ്ങളിലുണ്ട്.
    അത് ഞങ്ങളിലേക്ക് പകരുക....
    സ്നേഹത്തോടെ....

    ReplyDelete
  3. ഒരുപാടു നന്ദി , ആ ഓര്‍മ്മകള്‍ തിരികെ തന്നതിനു...എന്‍റെ ഉമ്മയുടെ മുഖം കണ്ണീരോടെയെങ്കിലുംഎനിക്ക് കാട്ടി തന്നതിനു......
    ലേഔട്ട് മാറ്റിയത് ഭംഗിയായി.. കണ്ണില്‍ കുത്തുന്ന കളര്‍ മാറ്റിയതിനു നന്ദി.
    എവിടെയോ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അഷ്റഫ് അടൂര്‍ എന്ന പേര്‍. കൂടുതല്‍ അടുക്കാന്‍, അറിയാന്‍ ഒരു മോഹം ....
    സ്നേഹത്തോടെ......

    ReplyDelete