Thursday, May 7, 2009

ഇടവേളകള്‍

മരണത്തിന്റെ കൈകള്‍ അയാള്‍ വ്യക്തമായി കണ്ടു... ഒരിത്തിരി ശ്വാസത്തിന് വേണ്ടി അയാള്‍ കൈകാലിട്ടടിച്ചു. വായില്‍ ചോരയുടെ ചുവ... കഴുത്തില്‍ മരണത്തിന്റെ മുറുക്കം കൂടിക്കൂടി വരികയാണ്. മേല്പ്പോട്ട് മലര്ന്നുപോകുന്ന കണ്കാഴ്ച്ചയിലൂടെ അയാള്‍ പ്രിയപ്പെട്ടവരേ ഒന്നു നോക്കി... എല്ലാവരും വരിവരിയായി കസെരയിട്ട് ടി വി കാണുമ്പോലെ എന്തോ കൊറിച്ചുകൊണ്ട് മരണം കാണുകയാണ്.
ദൈവമേ... ഏത് സിരിയലിന്റെ ക്ലൈമാക്സ്‌ ആണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്....
അയാള്‍ വിയര്‍ത്തു.
പെട്ടെന്ന് മരണം പിടുത്തം വിട്ടു.
ഹാവൂ.... ആശ്വാസം....
അയാള്‍ മരണത്തോട്‌ ചോദിച്ചു
"എന്തെ നിര്‍ത്തിക്കളഞ്ഞത്?"
മരണം പറഞ്ഞു:
"എല്ലാറ്റിനും ഉണ്ട് ഒരു ഇടവേള... അല്ലെങ്കില്‍ കാണികള്‍ മുഷിയും.... നാലഞ്ച് പരസ്യം കഴിഞ്ഞിട്ടാവാം ബാക്കി...."
കാഴ്ചക്കാര്‍ കോട്ടുവായിട്ടും മൂളിപ്പാട്ട് പാടിയും നടുനിവര്‍ത്തിയും ഇടവേള ആഘോഷിക്കാന്‍ തുടങ്ങി.

Monday, May 4, 2009

വയലറ്റ്

പ്രണയത്തിനു വയലറ്റ് നിറം ആണെന്ന് നിന്നെ പഠിപ്പിച്ചത്‌ ആരാണ്?
നീ എനിക്ക് എഴുതിയ പ്രണയ അക്ഷരങ്ങളുടെ എല്ലാ നിറവും വയലറ്റ്. നീ അണിയാറുള്ള മുത്ത്‌ മാലയുടെയും കമ്മലിന്റെയും കുപ്പി വളകളുടെയും നിറം വയലറ്റ്. എന്റെ പിറന്നാളിന് നീ കൊടുത്തയച്ച പൂക്കള്‍ക്കും പുസ്തകങ്ങള്‍ക്കും വയലറ്റ് നിറം.
ഒടുവില്‍ നീ കിടന്ന ഇത്തിരിപ്പോന്ന മുറിക്കും നിന്നെ മൂടിയ തുണിക്കും, വെള്ള പുതച്ചാല്‍ നിനക്കു ഇഷ്ടം ആവില്ലെന്ന് ഞാനാണ് പറഞ്ഞത്- നിന്റെ ചുണ്ടുകളില്‍ പറ്റിപ്പിടിച്ച ചോരക്കും വയലറ്റ് നിറം.
മരണത്തിനു വയലറ്റ് നിറം ആണെന്ന് നീ അറിഞ്ഞില്ലല്ലോ...
സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ വയലറ്റ് പൂക്കളുടെ വസന്തം ആയിരിക്കും. അതിലൊന്നില്‍ നിന്റെ സ്നേഹ രക്തം കൊണ്ടു എന്റെ പേരെഴുതി ഭൂമിയിലേക്ക് അയക്കുക. എനിക്കിപ്പോള്‍ നിന്റെ നിറം എത്രമാത്രം പ്രിയം ആണെന്നോ...

Tuesday, April 28, 2009

തിരുത്ത്‌


എന്റെ വീടിന് കറുപ്പ് തേക്കണം. അതില്‍ വെള്ള നിറത്തില്‍ കോളംവരഞ്ഞു ജനനവും മരണവും രേഖപ്പെടുത്തണം. ഇടവഴിയില്‍ ഒരു ബോര്‍ഡ് തൂക്കി അതില്‍ "ശ്മശാനം" എന്ന് വീട്ടുപേര് വെക്കണം.

ജീവിച്ചിരിക്കുന്നവരുടെ ശ്മശാനത്തില്‍ മരിച്ചവരുടെ കത്തുകള്‍ എന്നാണു വരികയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?

Monday, April 20, 2009

ഫ്ലാഷ് ന്യൂസ്


അയല്‍ക്കാരന്റെ വീടിനു തീ പിടിച്ചെന്നു തോന്നുന്നു. മോന്തായത്തിനു മേല്‍ ഉശിരന്‍ പുകച്ചുരുള്‍.

അടക്കിപ്പിടിച്ച തേങ്ങല്‍.

ഈയ്യിടെ മതില്‍ രണ്ടുവരി കൂടി പൊക്കി കെട്ടിയതിനാല്‍ വീട് കാണാനാവുന്നില്ല.

ഞാന്‍ ഓടി അകത്തു കയറി.

കസേരയില്‍ അമര്‍ന്നിരുന്നു.

റിമോട്ട് കൈയ്യിലെടുത്തു.

സ്പോണ്‍ സെര്ദ് പ്രോഗ്രാമുകള്‍ക്കിടയില്‍ അയല്‍പക്കത്തെ ദുരന്തം വായിക്കാന്‍ കണ്‍ മിഴിച്ചു നിന്നു.

Sunday, April 19, 2009

ആമകള്‍


ഈശ്വരാ... അദ്ധ്യാപകന്‍ സ്വന്തം തലപ്പുരത്ത് അരിശത്തോടെ ഇടിച്ചു.

ഇതെന്ത് കഥ?

ഇത്രയും ഈസിപ്പുല്ലായ ചോദ്യത്തിന് മുമ്പില്‍ അമ്പത്തി നാല് ആമക്കുട്ടികളും അമ്പരന്നു നില്ക്കുന്നു.

ഇനി ഒരുത്തന്‍ ബാക്കിയുണ്ട്. നമ്പര്‍ അമ്പത്തി അഞ്ച്

അധ്യാപകന്റെ ചൂണ്ടു വിരല്‍ അവസാനത്തവന്റെ തലയ്ക്കു നേരെ തോക്ക് പോലെ നീണ്ടു...

"പറയൂ കുട്ടീ... ആമയെ കൊല്ലുമ്പോള്‍ മലര്‍ത്തിയിട്ടു കൊല്ലണമെന്ന് പറയുന്നതു എന്തിനാണ്?"

അവന്‍ തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ പറഞ്ഞു

"ഉത്തരം എളുപ്പമാണ് മാഷേ..."

അദ്ധ്യാപകന്‍ സന്തോഷം കൊണ്ടു വിയര്‍ത്തു. അമ്പത്തി അന്ചാമാനിലൂടെ ഉത്തരം പിറക്കുകയാണല്ലോ

"എങ്കില്‍ പറയ് കുട്ടീ..."

"മലര്ത്തിയിട്ടാലല്ലേ മാഷേ ആമയുടെ മതം മനസ്സിലാവൂ..."

അദ്ധ്യാപകന്‍ ഒരു നിമിഷം കണ്ണടച്ച്. പ്രാര്‍ത്ഥന പോലെ...

പിന്നെ കൈകാലുകള്‍ ഉള്ളിലേക്ക് വലിച്ച്, തല അല്പം പുറത്ത് കാട്ടി ഒടുവിലത്തെ ബെല്ലിനു വേണ്ടി കാതോര്‍ത്തു കിടന്നു.

Saturday, April 11, 2009

കട്ടില്‍


തൊട്ടില്‍ വാങ്ങിയപ്പോള്‍ ഞാന്‍ കടക്കാരനോട് ചോദിച്ചു: "മണ്ണിനും പിനനാക്കിനും ഉണ്ടല്ലോ സൌജന്യം. തോട്ടിലിനു ഒന്നുമില്ലേ...?"

ഉണ്ടല്ലോ...

അയാള്‍ പറഞ്ഞു.

തൊട്ടില്‍ വാങ്ങുമ്പോള്‍ കട്ടില്‍ തികച്ചും സൌജന്യമാണ്.

എന്നിട്ട് എവിടെ?

അത് നിങ്ങളുടെ വീട്ടു മുറ്റത്ത് ഞങ്ങള്‍ എത്തിച്ചിട്ടുണ്ട്.

ഞാന്‍ അതിവേഗം വീട്ടിലേക്ക് നടന്നു.

നേരാണ്. കട്ടില്‍ എത്തിയിട്ടുണ്ട്. കട്ടില് കാണാന്‍ ആള്‍ക്കാരും ഉണ്ട്. പക്ഷെ,

കുഞ്ഞിനെ പട്ടില്‍പൊതിഞ്ഞു കട്ടിലില്‍ കിടത്തുമ്പോള്‍ എന്തിനാണ് ഇത്ര അലമുറയും നിലവിളിയും...

ഇതു തികച്ചും സൌജന്യം ആണല്ലോ...

Thursday, April 9, 2009

രണ്ടു വെയില്‍ കഥകള്‍

രാവ്

ഉറങ്ങുന്നതിനു മുമ്പു,
മൂന്നു ബക്കറ്റ് വെള്ളം വലിച്ച് ഞാന്‍ പൊത്തിവെച്ചു
അവള്‍ ചോദിച്ചു:
"എന്തിനാണ് ഇങ്ങനെ ദിവസവും വെള്ളം എടുത്തു വെക്കുന്നത്.. നമ്മുടെ കിണര്‍ വറ്റാരില്ലല്ലോ..."
എന്റെ പുരയിലെ കിണറിനു അകത്ത് പത്തു പൈസ വട്ടത്തില്‍ വെള്ളം പിടക്കുന്നത് അവള്‍ കണ്ടിരുന്നു.
ഞാന്‍ പറഞ്ഞു:
"ഉറങ്ങിയാല്‍ ഉണരുമെന്നു എന്താണ് ഉറപ്പു... മരിച്ചു പോയാല്‍ മയ്യിത്ത് കുളിപ്പിക്കണ്ടേ...?
അവള്‍ അപ്പോള്‍ കുഞ്ഞു ബക്കറ്റിലെ വെള്ളം നോക്കി കുഞ്ഞു മോളെ നെഞ്ചോടു ചേര്ത്തു പിടിച്ചു.


അടുപ്പം

അയാള്‍
ഭാര്യയുടെ മൊബൈല്‍ നമ്പരില്‍
വിരല്‍ അമര്ത്തി.
അവള്‍
ഫോണ്‍ കാതോട് ചേര്ത്തു പിടിച്ചു ചോദിച്ചു:
"എന്തെ"
അയാള്‍ പറഞ്ഞു:
വല്ലാത്ത ചൂടു... നീ ഒന്നു മാറി കിടന്നെ....."

Sunday, April 5, 2009

ഒരു കഥയുടെ ആശയം എവിടെ നിന്നാണ് കിട്ടുന്നത് എന്ന് മുന്‍കൂട്ടി പറയാന്‍ ആവില്ല. ഒരു കാഴ്ചയില്‍ നിന്നു, വാക്കില്‍ നിന്നു, നോക്കില്‍ നിന്നു, പൊള്ളുന്ന അനുഭവത്തില്‍ നിന്നു.. ഇതു ഏറെ കാലം മനസ്സില്‍ ഇട്ടു നടക്കും. എനിക്ക് ഒരിക്കലും കമ്പ്യൂട്ടറിനെ കുറിച്ചോ ഇന്റെര്നെടിനെ കുറിച്ചോ എഴുതാന്‍ ആവുമെന്ന് തോന്നുന്നില്ല. വീട് ഇല്ലാത്തവന്റെ ആധിയും മുറ്റം ഇല്ലാത്തവന്റെ സന്കടവും എന്നെ പെട്ടെന്ന് കയരിപ്പിടിക്കുന്നു......

പെങ്ങള്‍

തമിഴത്തിയും കുട്ടികളും ആണെന്ന് കരുതി ഞാന്‍ കല്ല് എടുത്തതാണ്. അടുത്ത് എത്തിയപ്പോഴാണ് എന്റെ പെങ്ങളും കുട്ടികളും ആണെന്ന് മനസ്സിലായത്...

ഒരു കുട്ടി ഇടത്ത് മറ്റൊരാള്‍ വലത്ത് ഒക്കത്ത് വേറൊരു കുട്ടിയും... കടും കളര്‍ സാരിയില്‍ അവളും....

എന്റെ മക്കള്‍ കടിച്ചു തുപ്പിയ പെര്‍ക്കിന്റെയും മന്ചിന്റെയും കഷണങ്ങള്‍ ഉറുമ്പുകളെ ആട്ടി ഓടിച്ച് അവളുടെ കുട്ടികള്‍ വാരിയെടുത്ത് വായില്‍ ഇട്ടു.

പാവം കുട്ടികള്‍...

അകത്ത് ഇരുത്തി കുട്ടികള്ക്ക് എന്തെങ്കിലും കളര്‍ കലക്കി കൊടുക്കാന്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു.

പെങ്ങള്‍ വല്ലാതെ മെലിഞ്ഞിട്ടുണ്ട്. ക്ഷീണിച്ചിട്ടുണ്ട്.....

"നീ ഇന്നു വന്നത് നന്നായി. ഇന്നലെ തിരുവനന്തപുരത്ത് നിന്നും വരുമ്പോള്‍ നിനക്കു ഞാന്‍ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട്.... എത്ര കാലമാ നീ ഇങ്ങനെ.... "

അവളുടെ കണ്ണുകള്‍ വിരിഞ്ഞു.

പാവം എന്റെ പെങ്ങള്‍....

മഞ്ഞ നിറമുള്ള കാര്‍ഡ് ഞാന്‍ അവള്ക്ക് കൊടുത്തു, ഒരു അന്‍പത് രൂപയും....

"ആദ്യംനൂറു കാര്‍ഡ് അടിച്ചാല്‍ മതി... ബസ് സ്റ്റാന്‍ഡില്‍ ആവുമ്പോള്‍ പല വഴിക്കുള്ള ആളുകളും ഉണ്ടാവും.... കയ്യില്‍ കൊടുക്കുകയോ മടിയില്‍ ഇടുകയോ ചെയ്യാം.... പൈസ തരുമ്പോള്‍ കാര്‍ഡ് തിരിച്ച് എടുത്താല്‍ മതി. മറിയം എന പേരിനു പകരം നിന്റെ പേരു വെച്ചാല്‍ മതി...."

അവളുടെ കരുവാളിച്ച കണ്ണ് നിറഞ്ഞു. വിളര്‍ത്ത ചുണ്ട് വിറച്ചു...

അവള്‍ പൊട്ടിക്കരഞ്ഞു.

പാവം... സന്തോഷം കൊണ്ടാവും...

അവള്‍ എന്റെ നേരെ കൈ കൂപ്പിക്കൊണ്ട്‌ "വല്ല്യുപകാരം.... വല്ല്യുപകാരം" എന്ന് പറഞ്ഞു.

ഉറി

ഉറി

ഉമ്മയുടെ ചോര്‍
ഉറിയില്‍ ആണെന്ന്
പണ്ടേ
പറഞ്ഞു കേട്ടിട്ടുണ്ട്
ഉറി നഷ്ടപ്പെട്ടപ്പോള്‍
എനിക്ക്
എന്റെ ഉമ്മയുടെ
ചോറാണ് നഷ്ടപ്പെട്ടത്.


Saturday, April 4, 2009

ഉമ്മയെ കുറിച്ചു പറഞ്ഞു തീരുന്നില്ല

വിശന്നു തളരുമ്പോള്‍ ആണ്
ഉമ്മ എന്നെ മടിയില്‍ പിടിച്ചിരുത്തുക.
തല നെഞ്ചോട് ചേര്ത്തു പിടിച്ച് ചോദിക്കും
"നിനക്ക് തീവണ്ടി കേള്‍ക്കേണ്ടേ..."
- ഉമ്മയുടെ നെഞ്ചിനകത്ത് വേഗം കൂടിയ
എത്രയെങ്കിലുംതീവണ്ടികള്‍ ഉണ്ടെന്ന്‍ കാളുന്ന
ഓരോ വിശപ്പിലും ഞാന്‍ അറിഞ്ഞിരുന്നു-
ഞാന്‍ ചോദിക്കും
"ആരാണുമ്മ ഈ തീവണ്ടി ഓടിക്കുന്നത്?"
പൊള്ളുന്ന മൂന്നാല് കണ്ണീരിനു പിന്നാലെ ഉമ്മ പറയും
"നിന്റെ ഉപ്പ..."
- ഉമ്മയുടെ കിതപ്പാണ് എനിക്കെന്നും പിതാവ്-
"നമുക്കും തീവണ്ടി കേറാം ഉമ്മാ..."
ഉമ്മ മിണ്ടില്ല.
നെഞ്ചില്‍ നിന്നും മുഖം പറിച്ചെടുത്ത് അവര്‍ ചോദിക്കും.
"ഇനി ഞാന്‍ കഥ പറഞ്ഞു തരട്ടെ..."
ഞാന്‍ കഥയുടെ ഉരുളക്കു വേണ്ടി ആര്‍ത്തിയോടെ
വാ പിളര്‍ക്കും...
കഥ മുറിയുമ്പോള്‍ ഉമ്മ ചോദിക്കും
"നീ എന്താണ് കേള്‍ക്കുന്നത്?"
ഞാനെന്റെ നെഞ്ചില്‍ തൊട്ടുകൊണ്ട്‌ പറയും
"ഒരു കുഞ്ഞു തീവണ്ടിയുടെ നിലയ്ക്കാത്ത നിലവിളി..."

****** ******* ******* ******* ******* ****** ****** ****** ******

ഞാന്‍ കഥ എഴുതുന്നത് ഉമ്മയ്ക്ക് അറിയാം. ഭാര്യയ്ക്കും കുട്ടികള്‍ക്കും അറിയാം. ഒരു കഥാകൃത്തിന്റെ "ഇടപെടലുകള്‍" ഇല്ലാതെ ജീവിക്കാനാണ് താത്പര്യം. ഭാര്യയും കുട്ടികളും ഉറങ്ങിയാല്‍ ആണ് ഞാന്‍ എഴുതാന്‍ ഇരിക്കുക. പല കഥകളും അച്ചടിച്ചു വന്നെ അവര്‍ കാണാറുള്ളു. എല്ലാവരും ഉറങ്ങുമ്പോള്‍ താന്‍ ഒരാള്‍ ഉണര്‍ന്നിരിക്കുക എന്നത് എന്നെ മാനസികമായി ബലപ്പെടുത്തുന്നു.
പരാതി ഇല്ല ആരോടും.
ആരും എന്നോട് പറഞ്ഞിട്ടില്ല കഥ എഴുതാന്‍.
ആരോരും ഇല്ലാത്തവര്‍ക്ക് അല്ലാഹു തുണയെന്ന ഉമ്മയുടെ വിശ്വാസത്തിനു "അക്ഷരങ്ങള്‍" തുണ എന്ന് ഞാന്‍ തിരുത്തി.

*** **** **** **** **** **** **** **** **** *** **** ***** ***** **** ***** **** *****

ഉമ്മ എന്നോട് പറഞ്ഞു:
"ഞാന്‍ പറഞ്ഞു തന്ന
എത്രയെത്ര കഥകള്‍ വിറ്റ് നീ കാശാക്കി
ഇന്നുവരെ
എന്നെ കുറിച്ചു എഴുതാന്‍
നിനക്കു തോന്നിയില്ലല്ലോ...
അന്ന് രാത്രി
ഏറെ വൈകുവോളം ഇരുന്നു
ഉമ്മയുടെ ജീവിതം
ഞാന്‍ കടലാസിലേക്ക് പകര്‍ത്തി.
പുലര്‍ച്ചയില്‍ എഴുന്നേറ്റ്
ഞാന്‍ കടലാസ് നിവര്‍ത്തി. കഥ നോക്കി.
അത്ബുധം....
കടലാസ്
ചോരയും നീരും വറ്റി വിലര്തിരിക്കുന്നു
എന്റെ
ഉമ്മയുടെ മുഖം പോലെ......

എന്റെ ഉമ്മ എന്റെ കഥ

എനിക്ക് എല്ലാം ഉമ്മയാണ്. ഉമ്മയെ തൊടാതെ എന്നെ കുറിച്ചു ഒരു വരി പോലും എഴുതാന്‍ എനിക്കാവില്ല.
ഉപ്പയുടെ പേരു മുഹമ്മദെന്നു ഉമ്മ പറഞ്ഞു. തടിച്ചു കുറുകിയ ഒരു മനുഷ്യന്റെ മുഖം എനിക്ക് ഓര്‍മ്മയുണ്ട്. വല്ലപ്പോഴും വിരുന്നു പോലെ വരാറുള്ള ഉപ്പ പിന്നീട് വരാതായി. പകരം മരണ വാര്‍ത്ത‍ മാത്രം എത്തി. ഉമ്മ എന്നെ കെട്ടിപ്പിടിച്ചു "ന്റെ മോന്‍ യെതീം ആയിപ്പോയല്ലോ" എന്ന് പറഞ്ഞു കരഞ്ഞതും യതീം ആവുക എന്നാല്‍ എനിക്ക് എന്തോ സംഭവിക്കുകയാണെന്ന പേടിയോടെ നിലവിളിച്ചതും ഓര്‍മ്മയിലുണ്ട്. "ആരോരും ഇല്ലാത്തവര്‍ക്ക് അള്ളാഹു തുണ" എന്ന് പറഞ്ഞു എട്ടതിമാരെ "ഉള്ളവരുടെ" അടുക്കളയിലേക്കു ഉന്തി വിട്ടു ഉമ്മ എനിക്ക് വേണ്ടി പിടച്ചു. ഒരു നേരത്തെ അന്നത്തിനു വേണ്ടി ഉമ്മ പെട്ട പാട്... കല്ല്യാണ വീട്ടിന്നും മറ്റും ബാക്കിവെച്ച ചോറ് തുണിയില്‍ കെട്ടി തലയില്‍ വെച്ച് ഓടി വരാറുള്ള ഉമ്മ.... കെട്ട്അഴിച്ചു വെച്ച് "നല്ലോണം തിന്നോ മോനേ" എന്ന് പറയുന്ന ഉമ്മ.
ഉമ്മ എനിക്ക് ചോറാണ്
പത്താം തരം വരെ എന്നെ പഠിപ്പിച്ചു. പഴയ പുസ്തകവും പഴയ ഉടുപ്പും വാങ്ങിത്തരാന്‍ അപ്പോഴേക്കും ഉമ്മ തളര്‍ന്നിരുന്നു.
ഒറ്റയ്ക്ക് ഇരുന്നു കഥ പറഞ്ഞു കരയുന്ന സ്വഭാവം ഉണ്ടായിരുന്നു ഉമ്മയ്ക്ക്. കുറെ സങ്കടങ്ങളുടെ കഥ. പാഠപുസ്തകത്തിലെ കഥ ഞാനും വായിച്ചു കൊടുക്കും. ഖലീഫ ഉമറിന്റെ കഥ കണ്ണീരോടെ അല്ലാതെ ഉമ്മ കേള്‍ക്കാറില്ല. പിന്നെ വായനശാലയില്‍നിന്നു മൊയ്തു പടിയതും ബഷീറും കടന്നു വന്നു. ബഷീറിനെ വല്ലാതെ ഇഷ്ടം ആയി. സന്കടങ്ങള്‍ ഞാനും പകര്‍ത്താന്‍ തുടങ്ങി......

ഉമ്മ

ഉമ്മ മരിച്ചു.
ഉമ്മയുടെ മയ്യിത്ത് മാറ്റി കിടത്തിയതും
കോടി പുതപ്പിച്ചതും
കുളിപ്പിച്ചതും
സുഗന്ദങ്ങള്‍ പൂശി "കഫന്‍ " ചെയ്തതും
കട്ടിലില്‍ ഏറിയതും കബര്‍ അടക്കിയതും

ഉമ്മ തന്നെ ആയിരുന്നു.
അല്ലെങ്കിലും ഇനി നമ്മെ സംസ്ക്കരിക്കാന്‍
നമ്മള്‍ അല്ലാതെ
മറ്റാരാണ്‌ ഉണ്ടാവുക...?

Monday, March 30, 2009

പത്തു പ്രണയ കഥകള്‍


പ്രണയത്തിന്റെ പൂര്‍ണത

മരണത്തിലാനെന്നു അവള്‍

അല്ല, ജീവിതത്തില്‍ ആണെന്ന് ഞാന്‍

അങ്ങനെ

അവള്‍ മരണത്തിലേക്കും

ഞാന്‍ ജീവിതത്തിലേക്കും

ഇറങ്ങി നടന്നു.

ഞാന്‍ ചോദിച്ചത്

അവളുടെ മനസ്സ് ആയിരുന്നു.

തന്നത്

മാംസളമായ അവളുടെ ശരീരം.

മനസ്സ് പങ്കു വെക്കാന്‍ കൊള്ളില്ലെന്ന്

അവള്‍ സത്യം ചെയ്തു.

ദൈവത്തിനു ഏറെ ഇഷ്ടം

പ്രണയിക്കുന്നവരെ ആണ്.

കാരണം

നരകിക്കുമ്പോള്‍ ആണല്ലോ

മനുഷ്യര്‍ ദൈവത്തെ ഓര്ക്കുക.

ഇറങ്ങാന്‍ നേരം

അവള്‍ പറയാന്‍ തുടങ്ങിയത് എന്തായിരുന്നു...?

അവന്‍ വിമാനത്താവളത്തില്‍ ഇരുന്നു ആലോചന കൊണ്ടു.

ഏറെ കഴിഞ്ഞില്ല

അവളുടെ മെസേജ് വന്നു.

നല്ല കൂലിയും വേലയും അല്ലെങ്കില്‍ ഞാന്‍ വേറെ ആളെ നോക്കും പറഞ്ഞേക്കാം.

പ്രണയം

ഇരുതല മൂര്‍ച്ചയുള്ള വാള് ആണ്

കരളില്‍ കയറുമ്പോഴും

ഇറങ്ങുമ്പോഴും

ചോര പൊടിയും.

പ്രേമിച്ച പെണ്ണിനെ വിവാഹം കഴിക്കുന്നതും പഠിച്ച സ്കൂളില്‍ മാഷ്‌ ആവുന്നതും ഒരു പോലെ ആണ്; ഒന്നിനും, ഒരു ഉല്‍സാഹവും ഉണ്ടാവില്ല.

പരാജയപ്പെടുംബോഴാനു ഓരോ പ്രണയവും

വിജയിക്കുന്നത്.

പ്രണയം വിട്ടുവീഴ്ച ആണ്.

ജീവിതം കടും പിടുത്തവും.

കടുംപിടുത്തം വേണ്ടിടത്ത് വിട്ടുവീഴ്ചയും

വിട്ടുവീഴ്ച വേണ്ടിടത്ത് കടുംപിടുത്തവും

പിടിക്കുന്നതിനാല്‍ ആണ് പ്രണയവും ജീവിതവും എപ്പോഴും മുഖം തിരിച്ചു നില്ക്കുന്നത്.

ഭാര്യയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ ഞാന്‍ കാമുകിയെ കിനാവ് കണ്ടു.

പുലര്‍ച്ചെ എഴുന്നേറ്റു നോക്കുമ്പോള്‍ കട്ടിലില്‍ ഒരു കുറിപ്പ് മാത്രം.

൧൦

പ്രണയിക്കുന്നു എങ്കില്‍

മിഡില്‍ ക്ലാസിനെ പ്രണയിക്കണം

ഹൈക്ലാസിനെയും ലോ ക്ലാസിനെയും

പ്രണയിക്കാന്‍ നിന്നാല്‍

അഡ്രസ്സ് ഉണ്ടാവില്ല ചങ്ങാതീ...

Wednesday, March 11, 2009

കഥയരങ്ങിനു ഒരു ആമുഖം

ചങ്ങാതീ

ഒരിക്കലും കരുതിയതല്ല... എനിക്കായിട്ടൊരു ബൂലോഗം തുറക്കുമെന്നും, എന്റെ തോന്നലുകള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ആകുമെന്നും.....

എന്റൊപ്പം വെയില് കൊണ്ടവരും, മഴ നനഞ്നവരും വിമാനം കയറിപ്പോയി. പോകുന്നോരോക്കെ എന്റെ കഥകളുടെ ഓരോ കോപ്പി കൊണ്ടോയി.... ഇടയ്ക്ക് വിളിക്കുമ്പോള്‍ ചോദിക്കും... ഇപ്പൊ ഒന്നും എഴുതാറില്ല അല്ലെ? ഉണ്ടെന്നു പറഞ്ഞാല്‍ നിരാശയോടെ പറയും.... ഞങ്ങള്‍ എങ്ങനെ കാണാനാ..

ആയതിനാല്‍ എന്റെ പ്രിയപ്പെട്ട വായനക്കാരാ അന്ന് എഴുതിയതും ഇന്നു എഴുതിയതും പിന്നീട് എഴുതുന്നതും ഇനി എന്റെ കഥയരങ്ങില്‍ ഉണ്ടാവും....

വായിക്കണം...

നിര്‍ദേശിക്കണം.... തിരുത്തണം....

എവിടെ ആയാലും സുഖമായിരിക്കട്ടെ...

ഹൃദയപൂര്‍വ്വം

അശ്രഫ്

Ashraf adoor